Malayalam Kavithakal Lyrics (മലയാളം കവിതകൾ ) – Heart Touching Kavithakal

Malayalam Kavithakal മലയാളം കവിതകൾ : Find here popular Malayalam Kavithakal lyrics, heart-touching Malayalam Kavithakal, Kutti Kavithakal Malayalam, New old Malayalam Kavithakal and lyrics.
Malayalam Kavithakal Lyrics - Heart Touching Kavithakal

Iniyum Marikkatha Bhoomi -ONV Kavithakal- Bhoomikoru Charamageetham Lyrics

ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം)
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.

കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! — നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ…!

മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

Moham – ONV Kavithakal Lyrics -മോഹം (ഒ.എന്‍.വി)

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി കുടിച്ചെന്ത്
മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരിന്നൊരു കുയിലിന്റെ പാട്ടു
കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം
അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം
പക്ഷിയോട് അരുതേ എന്നോതുവാന്‍ മോഹം
വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

Kunjunni Kavithakal – കുഞ്ഞുണ്ണിക്കവിതകള്‍

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ
അയ്യോ എനിക്കെന്നെ വല്ലാതെ
നാറുന്നുവല്ലോ അയ്യോ എനിക്കെന്റെ
മനസ്സില്‍നിന്നു പുറത്തുകടക്കാനാവുന്നില്ലല്ലോ
അയ്യോ ഞാനെന്നെ എവിടെയോ
മറന്നുവച്ചുപോന്നിരിക്കുന്നുവല്ലോ
ഞാനൊരു കവിതക്കാരന്‍ കപട
കവിതക്കാരന്‍ വികടകവിതക്കാരന്‍
എന്നാലും വിതക്കാരന്‍ ഞാനിനിയെന്നുടെയച്ഛനാകും
പിന്നെയമ്മയാകും പിന്നെ മോനാകും മോളാകും
പിന്നെയോ ഞാനെന്റെ ഞാനുമാകും
ഞാന്‍ വളയില്‍ വളയില്ല വളപ്പൊട്ടില്‍ വിളയും
എനിക്കുതന്നെ കിട്ടുന്നൂ ഞാനയയ്ക്കുന്നതൊക്കെയും
ആരില്‍നിന്നെതതേ നോക്കൂ
വിഡ്ഢിശ്ശിപ്പായിയീശ്വരന്‍ ഞാനുണര്‍ന്നപ്പോളെന്നെക്കണ്ടില്ല
ഭാഗ്യം ഭാഗ്യം പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു
ഞാന്‍ എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം ഞാനാരുടെ തോന്നലാണ്‌
എന്നെപ്പെറ്റതു ഞാന്‍തന്നെ
ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ
എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍

Madhurikkum Ormakale – ONV Kavithakal Lyrics

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

ഇടനെഞ്ചിന്‍ താളമോടെ
നെടുവീര്‍പ്പിന്‍ മൂളലോടെ
ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ
മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

ഒരു കുമ്പിള്‍ മണ്ണ്കൊണ്ട് വീടുയ്ക്കാം
ഒരു തുമ്പപൂവ്‌ കൊണ്ട് വിരുന്നൊരുക്കാം
ഒരു കുമ്പിള്‍ മണ്ണ്കൊണ്ട് വീടുയ്ക്കാം
ഒരു തുമ്പപൂവ്‌ കൊണ്ട് വിരുന്നൊരുക്കാം

ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം
ഒരു കാറ്റിന്‍ കനിവിന്‍നായ്
ഒരു കാറ്റിന്‍ കനിവിന്നായ് പാട്ടു പാടാം
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

ഒരു നുള്ള് പൂവിറുത്തു മാല കോര്‍ക്കാം
ഒരു പുള്ളിക്കുയിലിനൊത്ത് കൂവി നില്‍ക്കാം
ഒരു നുള്ള് പൂവിറുത്തു മാല കോര്‍ക്കാം
ഒരു പുള്ളിക്കുയിലിനൊത്ത് കൂവി നില്‍ക്കാം

ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം
ഒരു രാജാ ഒരു റാണീ
ഒരു രാജാ ഒരു റാണി ആയി വാഴാം ഓ.. ഓ…

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

Kaayalinakkare Vayalar Rama Varma Malayalam Kavithakal

കായലിനക്കരെ പോകാനെനിയ്ക്കൊരു
കളിവള്ളമുണ്ടായിരുന്നു
പണ്ടൊരു കളിവള്ളമുണ്ടായിരുന്നു
ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു
മുത്തശ്ശിയുണ്ടായിരുന്നു
നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു
അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ
അമ്പലമുറ്റത്ത് പോകും
കളിവള്ളം തുഴയും, കഥകൾ പറയും
കഥകളിപാട്ടുകൾ പാടും മുത്തശ്ശി
കളിവഞ്ചിപ്പാട്ടുകൾ പാടും
കർക്കിടക കാറ്റത്തൊരന്തിയ്ക്ക്
കായലിൽ മുത്തശ്ശി ഒറ്റയ്ക്ക് പോയി
പിറ്റേന്ന് നേരം ഇരുണ്ടു വെളുത്തു
മുത്തശ്ശിയമ്മയെ കണ്ടില്ല
ഒത്തിരി നേരം കരഞ്ഞു പറഞ്ഞു ഞാൻ
മുത്തശ്ശിയമ്മേ പോകല്ലേ
അമ്പലക്കായലിൽ വള്ളം കിടന്നു
പമ്പിനടന്നു പങ്കായം

Vallathol Kavithakal in Malayalam

(Kavitha: Ente Bhasha)
സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയും
സഹ്യഗിരിതന്‍ അടിയുറപ്പും
ഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവും
ശ്രീകന്യമാലിന്‍ പ്രസന്നതയും

ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയും
തെങ്ങിളം കായ്നീരിന്‍ മാധുര്യവും
ചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍
നന്ദിത പ്രാണമാം തൂമണവും
സംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സും
സാക്ഷാല്‍ തമിഴിന്റെ സൌന്ദര്യവും
ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ
മത്താടി കൊള്‍കയാണഭിമാനമേ നീ

മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍
മാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ
പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ
അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ
നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ

Makkal – Malayalam Kavitha

മക്കള്‍ക്ക് വേണ്ടി ഞാന്‍ കാശുനേടി
അവരതുകൊണ്ട് ഇഗ്ലീഷുനേടി
ഇന്നവര്‍ എന്റെ നേര്‍
പൊക്കുന്ന കാലിനെ
സ്വപ്നത്തില്‍ പോലും എനിക്ക് പേടി

ഊണുമുറക്കമില്ലാതെ ഞാന്‍
നേടിയതൊക്കെ
അവര്‍ക്ക് വീതിച്ചു നല്കി
മക്കള്‍ക്ക് ഞാന്‍ ഭാരമാവാതിരിക്കുവാന്‍
വീടൊന്ന് മാത്രം ഞാന്‍ ബാക്കിയാക്കി

ഈയിടെ ഇവിടെയും
യോഗം നടക്കൂന്നു
ചര്‍ച്ചകള്‍ പലതു നടന്നിടുന്നു
ചര്‍ച്ചയില്‍ നല്ല പരസ്യം പറയുന്നു
മക്കള്‍ മരുമക്കള്‍ വാശിയോടെ

കൊച്ചിയിലുണ്ട് വൃദ്ധസദനം ഇപ്പൊ
കോഴിക്കോടുണ്ട് സേവാസദനം
കാര്യമെനിക്ക് മനസ്സിലായി എന്റെ
വീടിന്നുമിന്നവര്‍ നോട്ടമിട്ടു

ജീവന്റെ ജീവനാം എന്റെ മക്കള്‍ എന്നെ
എങ്ങോ കളയാന്‍ വെമ്പുന്ന മക്കള്‍
തളര്‍ച്ചയോടൊന്നുഞാന്‍
ചാരിക്കിടക്കവേ
ചാരുകസേരക്കൂം മുറുമുറുപ്പ്

അറിയാതെ ഓര്‍ത്തു ഞാന്‍
പുറകില്‍ ഉപേക്ഷിച്ച
യൗവ്വന ജീവിത കാലത്തെയും
അവളൊത്ത് കഴിയേണ്ടന്‍ യൗവ്വന ജീവിതം
മരുഭൂമിയില്‍ ഞാനും നഷ്ടമാക്കി

പരിഭവ ദുഃഖ പരിദേവനങ്ങളും
പലതും പറഞ്ഞു കരഞ്ഞവളും
ഇതൊക്കെയും നമ്മുടെ മക്കള്‍ക്ക്
വേണ്ടിയാ ണാശ്വസിപ്പിച്ചു
പറഞ്ഞു ഞാനും

എന്നെ സ്‌നേഹിച്ചവള്‍ എല്ലാം സഹിച്ചവള്‍
എന്നേ തനിച്ചാക്കി യാത്രയായി
സ്വര്‍ഗ്ഗത്തില്‍ നിന്നെന്നെ
അവളുവിളിക്കുന്നു
മക്കളില്ലിവിടെ ഇങ്ങോട്ട് പോരൂ

മരണമാസന്നമായ് ഉപദേശമൊന്നെനി
ക്കുണ്ടെന്റെ മക്കള്‍ക്ക് നല്‍കീടുവാന്‍
ആയുസും ജീവിതം നഷ്ടമാക്കീട്ടാരും
സാമ്പാദിക്കല്ലെ മക്കള്‍ക്ക് വേണ്ടി

അവരെ പടച്ചവനീശ്വരനാണെങ്കില്‍
അവര്‍ക്കുള്ളതെങ്ങനേം വന്നു ചേരും
മക്കളെ നോക്കേണ്ടെന്നര്‍ത്ഥമില്ല
അതിനായ്
കളയേണ്ട ജീവിതമെന്നു സാരം

മാതാ പിതാക്കള്‍ക്ക്
നന്മ ചെയ്യാത്തോര്‍ ക്കില്ല സ്വര്‍ഗ്ഗം
എന്ന് വേദവാക്യം

മാതാ പിതാക്കള്‍ക്ക്
നന്മ ചെയ്യാത്തോര്‍ ക്കില്ല സ്വര്‍ഗ്ഗം
എന്ന് വേദവാക്യം

Vennakkannan – Kavitha

കവിത: വെണ്ണക്കണ്ണൻ
Lyrics by: കൃഷ്ണഗാഥ ചെറുശ്ശേരി

സ്നാനവും ചെയ്തു നീയാഗമിപ്പോളവും
പാലിച്ചേനല്ലോയിപ്പാൽവെണ്ണ ഞാൻ
ഇങ്ങനെയുളെളാനിക്കേതുമേ തരാതെ
എങ്ങു നീ പോകുന്നൂതെന്നമ്മേ! ചൊൽ?”

ഓമനപ്പൈതൽതാനിങ്ങനെ ചൊല്ലിത്തൻ
കോമളച്ചുണ്ടു പിളുർക്കുന്നേരം
ഉണ്ണിക്കെതന്നിലേ വച്ചുനിന്നീടിനാൾ
വെണ്ണതാൻ കൊണ്ടുപോന്നമ്മയപ്പോൾ

വെണ്ണയെക്കണ്ടൊരു കണ്ണന്താനന്നേരം
വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ
ഒറ്റക്കൈതന്നിൽ നീ വെണ്ണ വച്ചീടിനാൽ
മറ്റെക്കൈ കണ്ടിട്ടു കേഴുമല്ലോ

മൂത്തവൻ കൈയിൽ നീ വെണ്ണവച്ചീടുമ്പോൾ
ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ”
ഇങ്ങനെ കേട്ടവൾ വെണ്ണയ്ക്ക് പിന്നെയും
അങ്ങു തിരിഞ്ഞു നടന്ന നേരം

കെയിലെ വെണ്ണയെപ്പയ്യവേ വായിലി
ട്ടയ്യോ.. യെന്നിങ്ങനെ ചൊല്ലി,ചൊന്നാൻ
കളളനായുളെളാരു കാകൻതാൻ വന്നിട്ടെൻ
കൈയിലേ വെണ്ണയെക്കൊണ്ടു പോയി

എന്നതു കേട്ടവളേറ്റം ചിരിച്ചു നൽ
വെണ്ണയും കൊണ്ടിങ്ങു വന്നു പിന്നെ
വൈകാതവണ്ണമക്കെതവപപ്പൈതൽതൻ
കൈകളിൽ രണ്ടിലും വെണ്ണ വച്ചാൾ

വെണ്ണയെക്കണ്ടൊരു കണ്ണന്തന്നാനനം
വെണ്ണിലാവോലുന്ന തിങ്കൾ പോലെ
പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാൽ
ചെഞ്ചമ്മേ നിന്നു വിളങ്ങീതപ്പോൾ

Pookkalam Kavitha Lyrics by Chnagambuzha

കവിത: പൂക്കളം
രചന:ചങ്ങമ്പുഴ
ആലാപനം: അനുനന്ദ

സുപ്രഭാതത്തിന്റെ സുസ്മിതത്തില്‍
പുല്‍പ്പനീര്‍പ്പൂക്കള്‍ വിരിഞ്ഞിടുമ്പോള്‍
ആനന്ദസ്വപ്നങ്ങള്‍ പുല്‍കുമെന്നെ
ആരോമല്‍പ്പൈതല്‍ വിളിച്ചുണര്‍ത്തി

അപ്പിഞ്ചു ചുണ്ടിലാത്മോത്സവത്തിന്‍
സ്വപ്നം ഗ്രസിച്ചു വിടര്‍ന്നു നിന്നു
അപ്പനിനീരലര്‍ത്തൂമുഖമെന്‍
അക്ഷിക്കുമുത്സവമായിരുന്നു

മഞ്ജുളപുഷ്പങ്ങളുല്ലസിക്കും
മഞ്ജുഷയൊന്നുണ്ടക്കൈത്തളിരില്‍
അന്നെന്നെപ്പുല്‍കിയ കാവ്യലക്ഷ്മി
എന്നെന്നും മന്നിതില്‍ മിന്നിയെങ്കില്‍!

വാരൊളിവെണ്‍കതിര്‍മാല ചിന്നി
വാനിന്‍ ഹൃദയം തെളിഞ്ഞു മിന്നി
നീരണിച്ചോലകള്‍ പാട്ടുപാടി
നീളെപ്പൂവല്ലികള്‍ നൃത്തമാടി
നീളെപ്പൂവല്ലികള്‍ നൃത്തമാടി

പച്ചപ്പുല്‍പ്പട്ടാലലങ്കരിച്ചു
കൊച്ചാറ്റുവക്കുകളുല്ലസിച്ചു
മഞ്ജുമുകുള മുഖങ്ങള്‍തോറും
മന്ദസ്മിതാംശുക്കളങ്കുരിച്ചു

വെള്ളാമ്പല്‍ വീണ്ടും വയലുതോറും
തുള്ളിക്കളിക്കയായ്ത്തുമ്പിപോലും
കറ്റകളെങ്ങും മെതിച്ചു തീര്‍ന്നു
ചിറ്റാടപൂത്തു മണം പരന്നു
ചിറ്റാടപൂത്തു മണം പരന്നു

അത്തമാണത്തമാണദ്ദിനത്തില്‍
അത്തലിങ്ങാലയം വിട്ടുപോണം
പത്തുനാളേവര്‍ക്കും ചിത്തതാരില്‍
മുത്തണിയിക്കുന്നൊരോണമെത്തി

മുത്തണിയിക്കുന്നൊരോണമെത്തി
മുക്കുറ്റി, മന്ദാരം, ചെങ്കുറിഞ്ഞി
മറ്റും പലതരപുഷ്പജാലം
മുറ്റത്തു നിര്‍മ്മിച്ച പൂക്കളത്തില്‍
കറ്റക്കിടാവിട്ടു കൈകള്‍ കൂപ്പി

മാവേലിവന്നെത്താനാത്തമോദം
കൂവിത്തുടങ്ങുകയായി ബാലന്‍
വെല്‍ക നീ ബാല്യമേ യൗവനത്തിന്‍
കൈകള്‍ നിന്‍ കണ്ണുപൊത്താതിരിക്കില്‍

മാവേലി വന്നെത്തുമോണനാളേ
ഭൂവില്‍ നീ നീണാള്‍ ജയിക്ക ചാലേ

മാവേലി വന്നെത്തുമോണനാളേ
ഭൂവില്‍ നീ നീണാള്‍ ജയിക്ക ചാലേ